ഭാരത് സെൻസസ് - 2027
സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ?
നടപടികൾക്ക് 16നു തുടക്കം; മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കാം*
ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് 16നു തുടക്കമാവും. ജൂലൈ 1 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനു മുൻപ് പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോർട്ടലിൽ നൽകാൻ കഴിയുന്ന ഈ സംവിധാനം കഴിയുന്നത്ര ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അഭ്യർഥിച്ചു. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനു പുറമേ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത.
ജൂലൈ ഒന്നുമുതൽ എന്യൂമറേറ്റർമാർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. ഇതിന് മുൻപ് രണ്ടാഴ്ചത്തെ സമയമാണ് സെൽഫ് എന്യൂമറേഷൻ മുഖേന പൊതുജനങ്ങൾക്കു സ്വയം വിവരങ്ങൾ സമർപ്പിക്കാൻ ലഭിക്കുന്നത്. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ പിന്നീട് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. പകരം ഓൺലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പർ കൈമാറിയാൽ മാത്രം മതിയാവും. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യൂമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഏത് ഭാഷയും തിരഞ്ഞെടുക്കാം.
സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ?
https://se.census.gov.in/ എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുക. അവിടെ സംസ്ഥാനം തിരഞ്ഞെടുക്കുക. തുടർന്ന് ഗൃഹനാഥന്റെ പേര് നൽകണം. ഒപ്പം മൊബൈൽ ഫോൺ നമ്പറും വേണം. ഒരു മൊബൈൽ ഫോൺ നമ്പർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോ ഗിക്കാൻ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി കൂടി നൽകുന്നതോടെ അടുത്ത പടിയിലേക്കു കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തിരഞ്ഞെടുത്ത് വില്ലേജ്, ടൗൺ, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലനിൽക്കുന്ന സ്ഥലം കൃത്യമായി തിരഞ്ഞെടുക്കണം. തുടർന്നാണു സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക.
ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തിരഞ്ഞെടുത്താൽ മതിയാവും. കെട്ടിടത്തിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ അവസ്ഥ, കെട്ടിടത്തിന്റെ ഉപയോഗം, മൊത്തത്തിലുള്ള സ്ഥിതി, താമസിക്കുന്നവരുടെ എണ്ണം, താമസിക്കാനുള്ള മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്സ്, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, ശുചിമുറിയുടെ ലഭ്യതയും അതിന്റെ മറ്റ് വിവരങ്ങളും, ടെലിവിഷൻ, ഇന്റർനെറ്റ്, കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത, കുടുംബത്തിന്റെ പ്രധാന ഭക്ഷണം എന്നിവയും അവസാനമായി മൊബൈൽ നമ്പറുമാണു ചോദ്യങ്ങളിലുള്ളത്.
വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമർപ്പിക്കാം. വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൽഫ് എന്യുമറേഷൻ ഐഡി ലഭിക്കും. എച്ച് എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ ആരംഭിക്കുന്ന ഈ ഐഡി എസ്എംഎസ് ആയും ഇ-മെയിലായും ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുമ്പോൾ ഐഡി അവർക്ക് നൽകിയാൽ മതിയാവും. സെൽഫ് എന്യൂമറേഷൻ വഴി സമർപ്പിച്ച വിവരങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ തിരുത്താം. അന്തിമമായി ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ വിവരങ്ങൾ ഡേറ്റബേസിലേക്ക് പോവുകയുള്ളൂ.
Census wing.
Ramanattukara Municipality.