nipa

രാമനാട്ടുകര: നിപ വൈറസ് വ്യാപന സാധ്യത മുൻനിർത്തി രാമനാട്ടുകര നഗരസഭ പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. രോഗവ്യാപനം തടയുന്നതിനായി വ്യക്തിഗത ശുചിത്വം പാലിക്കണമെന്നും, അനാവശ്യ യാത്രകളും പൊതുയോഗങ്ങളും പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

നഗരസഭ പുറത്തിറക്കിയ നിർദേശങ്ങളിൽ പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണമെന്ന് വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയും, മറ്റുള്ളവരുമായി സമ്പർക്കം പരമാവധി കുറയ്ക്കുകയും വേണം.

വവ്വാലുകൾ കടിച്ചതോ നിലത്ത് വീണുകിടന്നതോ ആയ പഴങ്ങൾ ഭക്ഷിക്കരുതെന്നും, കിണറുകളും ജലസ്രോതസുകളും ശുചിയായി സൂക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് ഓർമ്മിപ്പിച്ചു.

സംശയാസ്പദമായ രോഗലക്ഷണങ്ങളോ നിപയുമായി ബന്ധപ്പെട്ട വിവരങ്ങളോ അറിയിക്കാൻ കൺട്രോൾ റൂം നമ്പർ 8086930093 ൽ ബന്ധപ്പെടാമെന്ന് നഗരസഭ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെയും നഗരസഭയുടെയും നിർദേശങ്ങൾ കർശനമായി പാലിച്ച് നിപ വൈറസിനെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.