സുന്ദര – ശുചിത്വതീരം

രാമനാട്ടുകരയിൽ ‘സുന്ദര – ശുചിത്വതീരം’ ശുചീകരണ യജ്ഞം

 

രാമനാട്ടുകര: നിർമ്മലം – പുതിയുയുഗ ശുചിത്വ കേരളം എന്ന സന്ദേശവുമായി രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ ‘സുന്ദര – ശുചിത്വതീരം’ എന്ന പേരിൽ ചാലിയാർ തീര ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു.

2026 ഒക്ടോബർ 2-ന് രാവിലെ 7 മണിക്ക് കോടമ്പുഴ കടവിൽ നടക്കുന്ന പരിപാടി രാമനാട്ടുകര നഗരസഭ ചെയർമാൻ കല്ലട മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യും. ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചാലിയാറിന്റെ തീരവും പരിസരവും മാലിന്യമുക്തമാക്കി ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ ശുചിത്വ ബോധവൽക്കരണം ശക്തമാക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. രാമനാട്ടുകര നഗരസഭ നേരത്തെയും ചാലിയാർ തീര ശുചീകരണത്തിനായി ജനകീയ പങ്കാളിത്തത്തോടെ വിവിധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

“ഒരു ദിവസം ഒരു മണിക്കൂർ ഒരുമിച്ച്” എന്ന ആശയത്തിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന ശുചീകരണ പ്രവർത്തനത്തിൽ നഗരസഭാ പ്രതിനിധികൾ, ഹരിതകർമ്മസേന, സന്നദ്ധ പ്രവർത്തകർ, വിവിധ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

ശുചിത്വമുള്ള തീരം – സുന്ദരമായ ചാലിയാർ – ആരോഗ്യകരമായ നാട് എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന പരിപാടിയായി ഇത് മാറും.